Sunday, 24 April 2011

പുറംകാഴ്ച

പുറംകാഴ്ച
ഇ.ജി. രതീഷ്‌
എ.ഐ.വൈ.എഫിന്റെ പ്രതിനിധി സംഘത്തില്‍ വെനിസുലേയില്‍ പോയപ്പോള്‍ പുരുഷസഖാക്കളുടെ ചില പരുഷവര്‍ത്തമാനങ്ങളാണ് പാര്‍ട്ടി വിടുന്നതിന് പെട്ടെന്നുള്ള കാരണമായി ലീന മണിമേകലൈ കഴിഞ്ഞ ഫിബ്രവരിയില്‍ മാതൃഭൂമി ആഴ്ചപ്പതിപ്പിലെ അഭിമുഖത്തില്‍ പറഞ്ഞത്. തൃശ്ശൂരില്‍വെച്ച് കാണുമ്പോള്‍ ലിന ഇതുകൂടി കൂട്ടിച്ചേര്‍ത്തു. '' അതൊരു മലയാളി സഖാവു തന്നെ.'' 'സാരി ധരിക്കണം, ബിന്ധി തൊടണം' എന്നൊക്കെയാണ് ആ സഖാവ് നിര്‍ദേശിച്ചതത്രെ. തിരിച്ചെത്തി ഡി. രാജയ്ക്ക് കത്തെഴുതി, ഒരു ചിത്രശലഭത്തെപ്പോലെ ഇഷ്ടമുള്ള വസ്ത്രങ്ങളും വര്‍ണങ്ങളുമണിഞ്ഞ് അവര്‍ കമ്യൂണിസ്റ്റ് കൂട് വിട്ടുപോയി. ഒരു കോളേജ് ക്യാമ്പസിലായാലും വനിതാസഖാക്കള്‍ എങ്ങനെ വസ്ത്രം ധരിക്കണം, എങ്ങനെ സംസാരിക്കണം എന്നൊക്കെ ക്ലാസെടുക്കുന്നത് കേരളത്തിലെ പുരുഷ സഖാക്കള്‍ ചരിത്രപരമായ കടമകളായി കൈകാര്യം ചെയ്തുവരുന്ന ഒന്നാകയാല്‍ നമുക്ക് അത്ഭുതമില്ല. എന്നാല്‍ അതിന്റെ പേരില്‍ ഒരു പ്രോമിസിങ് യങ്ആക്ടിവിസ്റ്റ് വിട്ടുപോകുന്നതില്‍ വിസ്മയം തോന്നും.

അശ്ലീലമായി ഒന്നുമില്ല

'Nothing is obscene for an artist' എഴുത്തുകാര്‍ക്ക് മുന്നില്‍, ആര്‍ട്ടിസ്റ്റിനുമുന്നില്‍ അശ്ലീലമായി ഒന്നും തന്നെയില്ല. പുരുഷാധിപത്യ സമൂഹത്തിന്റെ കണ്ണുകളും ചിന്തയുമാണ് ഇന്ന് ശ്ലീലത്തെയും അശ്ലീലത്തെയും വേര്‍തിരിക്കുന്നത്. നമ്മുടെ, അതായത് സമൂഹത്തിന്റെ കണ്‍മുന്നില്‍ എന്തെല്ലാം നടക്കുന്നു. വഴിയില്‍നിന്ന് ആളുകള്‍ മൂത്രമൊഴിക്കുന്നു. പൂച്ചയും പട്ടിയും പാമ്പും പക്ഷികളും ഇണചേരുന്നു. മാതാപിതാക്കള്‍ ഇണചേരുന്നത് യാദൃച്ഛികമായി മക്കള്‍ കണ്ടെന്നിരിക്കും. ഇതൊന്നും അശ്ലീലമല്ല സുഹൃത്തുക്കളേ. പ്രത്യേക കണ്ണില്‍ക്കൂടി നോക്കിയാല്‍ അങ്ങനെയായി. അങ്ങനെ നോക്കിയാല്‍ ആര്‍ട്ടിസ്റ്റാകാനേ പറ്റില്ല. അശ്ലീലം എന്ന വാക്കുതന്നെ ആവശ്യമില്ല.
(ലീന മണിമേകലൈ ഒറ്റയില എന്ന ആദ്യ കവിതാ സമാഹാരത്തില്‍ സ്ത്രീശരീരത്തെക്കുറിച്ചെഴുതിയപ്പോള്‍ തമിഴ് സമൂഹം നെറ്റി ചുളിച്ചു. 'ലോകത്തിലെ ഏറ്റവും സുന്ദരിയായ സ്ത്രീ എന്ന അടുത്ത കവിതാ സമാഹാരത്തിനെതിരെ ഹിന്ദു മക്കള്‍ കക്ഷി കേസ് കൊടുത്തു. അശ്ലീലമാരോപിച്ചായിരുന്നു ഇത്. ആര്‍ത്തവ രക്തത്തെക്കുറിച്ചൊക്കെ ലീന എഴുതിയത് അവര്‍ക്ക് സഹിച്ചില്ല. ആദ്യ ഫീച്ചര്‍ ഫിലിമായ 'ശെങ്കടലിന്' സെന്‍സര്‍ ബോര്‍ഡ് സര്‍ട്ടിഫിക്കറ്റ് നല്‍കാത്തത് അതില്‍ അണ്‍ പാര്‍ലമെന്ററി വാക്കുകള്‍ ഉള്ളതിനാലാണ്. കടല്‍ ആദിവാസികള്‍ പ്രതിദിന ജീവീതത്തില്‍ പ്രയോഗിക്കുന്ന വാക്കുകള്‍ അതേപടി സിനിമിയില്‍ ഉപയോഗിച്ചതാണ് പ്രശ്‌നമായത്.)

എഴുത്തിലെ സ്വാതന്ത്ര്യം

സമൂഹത്തില്‍ സ്വതന്ത്രയാകാന്‍ ആഗ്രഹിക്കുമ്പോഴും എന്നെ കെട്ടിവരിയുന്ന പലതുമുണ്ടെന്ന് എനിക്കറിയാം എഴുത്ത് അതില്‍നിന്നുള്ള മോചനമാണ്. കവിതയിലാണ് അതേറെ കഴിയുക. അവിടെ ഞാനും എഴുത്തുമേശയും മാത്രമേയുള്ളൂ. ഒരു കണ്ണാടിക്കുമുന്നിലെന്നപോലെ
എന്നെ പ്രതിഫലിപ്പിക്കാന്‍ കഴിയും. ഭാഷയുടെ ഏറ്റവും ദിവ്യമായ ആവിഷ്‌കാരം കവിത തന്നെ. എല്ലാ സര്‍ഗ പ്രവൃത്തികളും സ്വാതന്ത്ര്യം തേടലുണ്ട്. എന്നെ സംബന്ധിച്ച് കവിതയുടെ കവിഞ്ഞൊഴുകലാണ് മറ്റെല്ലാം - ഡോക്യുമെന്റികളും, നാടകാഭിനയവുമെല്ലാം വാക്കില്‍ ദൃശ്യങ്ങളുണ്ട്. ദൃശ്യങ്ങളില്‍ വാക്കുകള്‍ ഒളിച്ചിരിക്കുന്നുമുണ്ട്. വേഡ് ചലനപ്പെട്ടതാ വിഷ്വല്‍.

സിനിമയെന്ന ഫ്യൂഡല്‍ ലോകം

കവിതയില്‍നിന്ന് വ്യത്യസ്തമായി ചലച്ചിത്രത്തിന്റേത് ഒരു പങ്കാളിത്ത വ്യവസ്ഥയാണ്. അതിന് അതിന്റേതായ ചില ആചാരങ്ങളുണ്ട്. അത് പുരുഷാധിപത്യപരമാണ്. മുതലാളിത്തത്തിന്റെ ഒരു ഉപകരണവുമാണ്. ഒരു ലൊക്കേഷനില്‍ ചെന്നാല്‍ ഡയറക്ടര്‍ക്കുമുന്നില്‍ നിങ്ങള്‍ ഇരിക്കാന്‍ പാടില്ല. ഞാന്‍ ഭാരതിരാജയുടെ അസിസ്റ്റന്റായിട്ട് കുറേനാള്‍ ജോലി നോക്കിയിരുന്നു. ഒരു ലൈറ്റ് ബോയിക്ക് ചിലപ്പോള്‍ വളരെ നല്ല നിര്‍ദേശം വെക്കാനുണ്ടായിരിക്കും. അയാള്‍ ഫീല്‍ഡില്‍ ഏറെ അനുഭവസ്ഥനുമായിരിക്കും. പക്ഷേ, ഒരു ലൈറ്റ് ബോയി ആയതിനാല്‍ അത് അവഗണിക്കപ്പെടും. മുഖ്യധാരാസിനിമ ഒട്ടും ജനാധിപത്യപരമല്ല. എന്നെ തുല്യയായി കാണാത്ത ഒരു വ്യവസ്ഥയിലും പ്രവര്‍ത്തിക്കാന്‍ എനിക്ക് താത്പര്യമില്ല. മാതാപിതാക്കള്‍ എന്നെ ഒരു ബ്യൂറോക്രാറ്റ് ആക്കാന്‍ ആഗ്രഹിച്ചു. പക്ഷേ, എല്ലാവരെയും അടിസ്ഥാനപരമായി മനുഷ്യന്‍ ആയി കാണണമെന്നുമുള്ളതിനാല്‍ ഞാന്‍ അതിന് വഴങ്ങിയില്ല. അതിനാല്‍ മുഖ്യധാരാ സിനിമയെയും ഉപേക്ഷിച്ചു. എന്റെ ചലച്ചിത്രങ്ങളില്‍ കഥാപാത്രങ്ങള്‍ക്ക് വലിയ സ്ഥാനമുണ്ട്. അവര്‍ യഥാര്‍ഥ മനുഷ്യര്‍ തന്നെയാണ്. അവര്‍ പറയുന്നതും ചെയ്യുന്നതുമനുസരിച്ച് തിരക്കഥ തന്നെ മാറിപ്പോകും, ലൊക്കേഷന്‍ മാറിയെന്നിരിക്കും. എന്റെ വിഷയങ്ങളും അതിന് യോജിച്ചതാണ്. ഒടുവിലെടുത്ത ശെങ്കടലില്‍ അത് വ്യക്തവുമാണ്.

കരുണാനിധി കോര്‍പ്പറേറ്റ് എംപയര്‍

തമിഴ്‌നാട്ടില്‍ സിനിമകളില്‍ ചില മാറ്റങ്ങള്‍ വരുന്നുണ്ട്. അവര്‍ കുറച്ചുകൂടി യാഥാര്‍ഥ്യങ്ങളോട് അടുക്കുന്നുണ്ട്, പക്ഷേ, ഉള്ളടക്കത്തില്‍ മാറ്റമില്ല. ജാതീയത, സ്ത്രീവിരുദ്ധത എന്നവയിലൊന്നും മാറ്റമില്ല. ഒരു ബോളിവുഡ് നടി തമിഴ്‌നാട്ടിലെ ഗ്രാമത്തിലേക്ക് വരുന്നതാണ് ഈ യാഥാര്‍ഥ്യത്തോട് അടുക്കലായി പ്രഖ്യാപിക്കുന്നത്. കഥപറയുന്നതൊക്കെ പഴയ 'നരേറ്റിവ്' ശൈലിയില്‍തന്നെ. പ്രേക്ഷകന്റെ വികാരങ്ങളെ ചൂഷണം ചെയ്യല്‍ത്തന്നെയാണ് നടക്കുന്നത്. അതിലും അപകടം ചലച്ചിത്രനിര്‍മാണരംഗത്തെ കുത്തകവത്കരണമാണ്. 'നിധി' കുടുംബവും അവരുടെ 'സണ്‍' നെറ്റുവര്‍ക്കും. വിചാരിക്കാത്തതൊന്നും തമിഴ്‌നാട്ടിലെ മുഖ്യധാരാ സിനിമയില്‍ കാണിക്കാന്‍ പറ്റില്ല. യന്തിരന്‍ ഇറങ്ങിയപ്പോള്‍ ചെന്നൈയിലെ 200 തീയേറ്റകുളിലും അത് മാത്രം കാണിക്കേണ്ടിവന്നു. നീലച്ചിത്രം ഓടിക്കുന്ന തീയേറ്ററില്‍ പോലും രക്ഷയുണ്ടായില്ല. നിര്‍മാതാക്കളും വിതരണക്കാരുമൊക്കെ 'നിധി' ഗ്രൂപ്പിന്റെ ഇടനിലക്കാരായി മാറി. ബുദ്ധിജീവികളുടെ കാര്യം പറയുകയും വേണ്ട. വര്‍ണര്‍ ബ്രദേഴ്‌സിന്റെ തമിഴ് പതിപ്പായി നിധി ഗ്രൂപ്പിനെ അവര്‍ ആഘോഷിക്കുന്നു. യന്തിരന്‍ സിനിമയ്ക്ക് അവര്‍ ബൗദ്ധികമായ നിരൂപണങ്ങള്‍ പടച്ചുവിടുന്നു.

ഗുരുവിനെപ്പോലെ പെരിയാറെയും വിറ്റു

എന്റെ ജീവിതത്തിലെ മൂന്ന് സ്വാധീനങ്ങള്‍- കമ്യൂണിസം, അംബേദ്ക്കറിസം, ഇ.വി. രാമസ്വാമിനായ്ക്കര്‍ എന്നിവയുടേതാണ്. കമ്യൂണിസം വര്‍ഗബോധം നല്‍കി. അംബേദ്ക്കറിസമാണ് വര്‍ഗത്തിന് നിര്‍വചിക്കാനാകാത്ത ജാതിയുടെ സ്വഭാവങ്ങള്‍ പഠിപ്പിച്ചത്. വലിയ സ്വാധീനം തന്തൈ പെരിയാര്‍- ഇ.വി.ആര്‍. തന്നെ. സ്ത്രീ ആരുടെയും അടിമ അല്ലെന്ന് അദ്ദേഹത്തിന്റെ ദര്‍ശനം പഠിപ്പിച്ചു. അദ്ദേഹം പറഞ്ഞതുപോലെ ദേശാഭിമാനം, മൊഴിയഭിമാനം, ജാത്യാഭിമാനം ഒന്നും ഇല്ലാത്ത മനുഷ്യന്‍ എന്റെ സ്വപ്നമാണ്. ഇതില്‍നിന്ന് ഊര്‍ജം ഉള്‍ക്കൊണ്ട ദ്രവീഡിയന്‍ പ്രസ്ഥാനം പിന്നീട് ആചാര്യനെ വില്‍ക്കുകയാണുണ്ടായത്. അദ്ദേഹത്തിന്റെ പ്രതിമകള്‍ ധാരാളം കാണാം. പുകഴ്ത്തിപ്പറയുന്നവരാണ് ഭരണവര്‍ഗം. പക്ഷേ, പ്രവൃത്തിയിലില്ല. കേരളത്തില്‍ നാരായണഗുരുവിന് ഇതേ അനുഭവം കാണാം. തമിഴ്‌നാട്ടില്‍ ദാനത്തിന്റെ രാഷ്ട്രീയമാണ്. ഗ്രൈന്‍ഡറും മിക്‌സിയും ടി.വി.യുമൊക്കെ സൗജന്യമായി വിളമ്പുന്നു. അടിസ്ഥാനപരമായ മാറ്റത്തില്‍ താത്പര്യമില്ല. 'ഗ്രാസ് റൂട്ട് ലെവല്‍' രാഷ്ട്രീയപ്രവര്‍ത്തനം നടത്തുന്നത് കമ്യൂണിസ്റ്റുകളാണ്. ദ്രവീഡിയന്‍ പ്രസ്ഥാനത്തെ ഉള്‍ക്കൊള്ളാന്‍ കഴിയാത്തതിനാല്‍ അവര്‍ക്ക് മുന്നേറാനായില്ല. എന്നാല്‍ സ്ത്രീയോടുള്ള സമീപനത്തില്‍ അവരും യാഥാസ്ഥിതികരാണ്. അതിനാലാണ് കമ്യൂണിസ്റ്റായിട്ടും ഞാന്‍ അതിനപ്പുറത്തേക്ക് നോക്കുന്നത്.

പുതിയ പദ്ധതികള്‍

സെന്‍സര്‍ ബോര്‍ഡില്‍ അനുമതി ലഭിക്കാത്തതിനാല്‍ 'ശെങ്കടല്‍ തമിഴ്‌നാട്ടില്‍ പ്രദര്‍ശിപ്പിക്കാനൊത്തിട്ടില്ല. അത് കിട്ടിക്കഴിഞ്ഞാല്‍ ഈ തിരഞ്ഞെടുപ്പുകാലത്തുതന്നെ കുറേ സ്ഥലങ്ങളില്‍ കാണിക്കണം. സംഘകാലം മുതല്‍ ഇന്നുവരെയുള്ള സ്ത്രീയെക്കുറിച്ച് ഒരു ചലച്ചിത്രം പദ്ധതിയിലുണ്ട്. ഷോഭാശക്തിയാണ് തിരക്കഥയെഴുതുക.

മലയാളിയാണെങ്കില്‍ ഈ സ്‌നേഹം കിട്ടുമോ...?

തമിഴ്‌നാട്ടില്‍ സധൈര്യം തുറന്നെഴുതുന്ന വനിതകള്‍ക്ക് മലയാളത്തിലെ എഴുത്തുകാരും വായനക്കാരും നല്ല പിന്തുണ നല്‍കുന്നുണ്ട്. അത് കമലാദാസിന് തമിഴ്‌നാട്ടില്‍നിന്ന് ലഭിച്ചിരുന്നു. പക്ഷേ, ഞാന്‍ മലയാളിയായിരുന്നെങ്കില്‍ ആ സ്‌നേഹം എനിക്കും കിട്ടുമായിരുന്നുവോയെന്ന് സംശയമുണ്ട്. സില്‍വിയാ പ്ലാത്തിനെയും തസ്‌ലിമാ നസ്‌റിനെയും നമ്മള്‍ കൊണ്ടുനടക്കും. പക്ഷേ, അടുത്ത വീട്ടിലെ സ്ത്രീ അങ്ങനെയെഴുതിയാല്‍ വേശ്യയാണെന്നും കിടക്കാന്‍ ക്ഷണിക്കുകയാണെന്നും പ്രചരിപ്പിക്കും. അതാണ് ഇവിടത്തെ 'ഹിപ്പോക്രസി'. മലയാളത്തിലെ അനുഭവങ്ങളും അതുതന്നെയെന്ന് ഞാന്‍ മനസ്സിലാക്കുന്നു.

ജീവിതരേഖ

തമിഴ്‌നാട്ടിലെ വിരുതുനഗര്‍ ജില്ലയിലെ മഹാരാജപുരം ഗ്രാമത്തില്‍ കമ്യൂണിസ്റ്റ് കുടുംബത്തില്‍ ജനനം.
ചെറുപ്പത്തിലെ കവിതയെഴുതി. കോളേജില്‍ പഠിക്കുമ്പോള്‍ തീയേറ്റര്‍ പ്രസ്ഥാനങ്ങളില്‍ സജീവമായി തെരുവുനാടകങ്ങളുമായി നാടുചുറ്റി. പാര്‍ട്ടിവേദികള്‍ കലാകാരിയെ വളര്‍ത്തി.
എന്‍ജിനീയറിങ് റാങ്കോടെ വിജയിച്ചെങ്കിലും ഐ.ടി. കമ്പനിയിലെ ജോലി രാജിവെച്ചു. ഭാരതിരാജയുടെ അസിസ്റ്റന്റായി സിനിമകള്‍ ചെയ്തു. ടെലിവിഷന്‍ പ്രൊഡക്ഷന്‍ കമ്പനികളില്‍ ജോലി ചെയ്തു.
ഒറ്റയില , ഉലകിന്‍ അഴകിയ മുതല്‍ പെണ്‍ തുടങ്ങിയ കവതിസാ സമാഹാരങ്ങള്‍ യഥാസ്ഥിതിക സമൂഹത്തില്‍ ചലനങ്ങളുണ്ടാക്കി.
സ്ത്രീവിരുദ്ധ നിലപാടുകളില്‍ പ്രതിഷേധിച്ച് കമ്യൂണിസ്റ്റ് പാര്‍ട്ടിയംഗത്വം ഉപേക്ഷിച്ചു.
മാതമ്മ, പാറൈ, ബ്രേക്ക് ഭഷാക്കിള്‍സ്, വേവ്‌സ് ആഫ്റ്റര്‍ വേവ്‌സ്, കണ്ടിങ് ലൈന്‍സ്, ദേവതൈകള്‍ തുടങ്ങി യ ഡോക്യുമെന്റികള്‍ നിര്‍മിച്ചു. സണ്ണി ജോസഫും എം.ജെ. രാധാകൃഷ്ണനുമൊക്കെയാണ്ഛായാഗ്രാഹകര്‍. 'ശെങ്കടല്‍' എന്ന ആദ്യ ഫീച്ചര്‍ ഫിലിം ധനുഷ്‌ക്കോടിയിലെ ആദിവാസി-മത്സ്യത്തൊഴിലാളികള്‍ നേരിടുന്ന ചൂഷണം വിശദീകരിക്കുന്നു.

No comments:

Post a Comment